images

മാനസികാരോഗ്യം സീൻ ആണ് മച്ചാനെ.....

മാനസിക ആരോഗ്യം - ഇന്നത്തെ "Gen-Z" എന്ന് സ്വയം വാഴ്ത്തുന്ന യുവതലമുറ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്ന്. പുറമെ ചിരിച്ചു കളിച്ചു കഴിയുന്ന യുവതയുടെ നെഞ്ചിൽ നമ്മൾ ഒരു തരത്തിലും പ്രതീക്ഷിക്കാത്ത നെരിപ്പോടുകൾ ആണ് നീറുന്നത്. പ്രായ-ലിംഗ ഭേദമെന്യേ അവരുടെ മനസ്സുകൾ വലിയ ചലഞ്ചെസ്‌ നേരിടുന്നു. പണ്ടൊക്കെ "തനിയാവർത്തനങ്ങളായി" ചില  "ബാലൻമാഷുമാരിലും" ഒറ്റപ്പെടൽ അനുഭവിക്കുന്ന ചില "സൂര്യപുത്രികളിലും" ഉള്ളടക്കങ്ങളിൽ തികട്ടിവന്നിരുന്ന ചില "രേഷ്മ"മാരിലും  കണ്ടിരുന്ന ഈ മനോവ്യഥകൾ ഇന്ന് യുവതീയുവാക്കളിലെ നിത്യസംഭവം ആകുന്നു... വലിപ്പച്ചെറുപ്പമില്ലാതെ അത് എല്ലാവരിലും പല അളവുകളിൽ നിലനിൽക്കുന്നു. ഈ അടുത്ത് നാമെല്ലാം ഞെട്ടിയ ഒരു വാർത്ത തമിഴ് ചലച്ചിത്രലോകത്തെ ഒരു മിന്നും താരത്തിന്റെ മകളുടെ അകാലവിയോഗത്തെ കുറിച്ചായിരുന്നു.. ആ 10-ആം തരത്തിൽ പഠിച്ചിരുന്ന കുഞ്ഞിനും ഉണ്ടായിരുന്നത്രെ മാനസിക അസ്വാസ്ഥ്യത്തിന്റെ പ്രശ്നങ്ങൾ.

 

പണ്ട് ഒരു 10-ആംതരക്കാരനോ പത്താംക്ലാസുകാരിക്കോ സമാധാനം കെടുത്താൻ ആകെ ഉണ്ടായിരുന്നത് കണക്കു പഠിപ്പിക്കുന്ന ഒരു "കാലൻ മത്തായി" മാഷായിരുന്നു... കോളേജിൽ ആയാൽ വെപ്രാളപ്പെട്ടിരുന്നത് ആരും കാണാതെ തന്റെ പ്രേമഭാജനത്തിനു എങ്ങനെ ലവ് ലെറ്റർ കൊടുക്കാം എന്നോർത്തായിരുന്നു... പക്ഷെ, ആ കാലം ഒക്കെ എന്നെ കടന്നു പോയി... ഇന്നത്തെ തലമുറയ്ക്ക് അവരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ എല്ലാം "സീൻ ആണ് മച്ചാനേ". സൂപ്പർതാരത്തിന്റെ സിനിമയുടെ കളക്ഷൻ റെക്കോർഡ്‌സ് മുതൽ ഏറ്റവും പുതിയ iphone 15ൻറെ ചാർജർ പോർട്ട് വരെ അവരെ വ്യാകുലപ്പെടുത്തുന്നു.

 

യുവതലമുറ കൂടുതൽ ഉത്തരവാദിത്തം ഉള്ളവരാകുന്നത് നല്ലതല്ലേ എന്ന് കരുതുന്നവരോട് ഒന്നേ പറയാൻ ഉള്ളൂ... ഒരു ക്യാരിബാഗിൽ കൊള്ളാവുന്നതിൽ കൂടുതൽ പച്ചക്കറികൾ നിറച്ചാൽ അത് വഴിയിൽ വച്ച് പൊട്ടി തകരുകയേ ഉള്ളൂ... ഇന്നത്തെ യുവതലമുറയുടെ മനസ്സുകൾ അനാവശ്യമായ ടെൻഷൻ കുത്തിനിറയ്ക്കുന്ന ക്യാരിബാഗുകൾ ആവാതെ ഇരിക്കണം... അവയെ അങ്ങനെ ആക്കാതെയിരിക്കണം.

എന്താണ് ഈ വിധം ടെൻഷൻ ഉണ്ടാകുന്നതു? ഒരു പരിധി വരെ അതിനു കാരണം നമ്മൾ ഒക്കെ തന്നെ ആണ്... ജോലിസ്ഥലങ്ങളിൽ, പഠനകേന്ദ്രങ്ങളിൽ, കായികനൈപുണ്യവികസന കേന്ദ്രങ്ങളിൽ, സാമൂഹിക മാധ്യമങ്ങളിൽ, ബ്ലോഗ്‌സിൽ, വ്ലോഗ്‌സിൽ എന്തിനു അത്യാഡംബരങ്ങളുടേ പട്ടികകളിൽ വരെ നീളുന്ന അനാവശ്യവും അനാരോഗ്യപരവും ആയ മത്സരബുദ്ധി. തന്റെ കൂട്ടുക്കാരനോ കൂട്ടുകാരിക്കോ തന്നെക്കാൾ നല്ലതു എന്തെങ്കിലും ലഭിക്കുമ്പോൾ ഉണ്ടാകുന്ന അസഹിഷ്ണുത. ഇതെല്ലാം ഇന്നത്തെ തലമുറയ്ക്ക് സമ്മാനിച്ചത് നാം തന്നെ ആണ്.. ഈ അടുത്ത് കണ്ട ഒരു ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണം ഇങ്ങനെ പോകുന്നു.."ആർക്കെങ്കിലും എന്തെങ്കിലും നല്ലതു സംഭിവിക്കുന്നതു കേട്ടാൽ എന്താണെന്ന് അറിയില്ല.. നെഞ്ചിന്റെ നടക്കുഭാഗത്തായി ഒരു വേദന" ഇത് ആ കഥാപാത്രത്തിന്റെ മാത്രം പ്രശ്നം ആണെന് കരുതുക വയ്യ.

ശാരീരിക അസ്വാസ്ഥ്യങ്ങളിൽ നിന്നും മാനസിക പ്രശ്നങ്ങൾ അല്പം വ്യത്യസ്ഥമാണ്. 95% സന്ദർഭങ്ങളിലും ഇവയ്ക്കു മരുന്നുകളോ സങ്കീർണമായ ചികിത്സാ രീതികളോ ആവശ്യം വരുന്നില്ല... മാനസികമായ പ്രശ്നങ്ങൾ നേരിടുന്ന ഏതെങ്കിലും ഒരാൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സഹായം ഉറക്കഗുളികകളോ, ബെവെറേജ്‌ ഷോപ്‌സിൽ നിന്ന് ലഭിക്കുന്ന ചവർപ്പ് കലർന്ന ദ്രാവകമോ, പുകയില ചുരുട്ടകളിലെ ലഹരിയോ അല്ല ... കുറെ പേരെങ്കിലും അത് ആഗ്രഹിക്കുന്നുമില്ല... അവരെ ഒന്ന് കേൾക്കാൻ ഉള്ള മനസ്സ് ഉണ്ടായാൽ മതി. മുൻവിധികൾ ഇല്ലാതെ, ധൃതിയില്ലാതെ, കുറ്റപ്പെടുത്താതെ അവരെ ഒന്ന് കേൾക്കാൻ മനസ്സുള്ള അവരുടെ ഒരു "ചങ്ക്" ആയാൽ മതി...

പ്രശ്നങ്ങൾ കേട്ട് തെറ്റായ രോഗനിർണ്ണയം നടത്താതെ കൂടുതൽ കുരുക്കുകളിലേക്കു അവരെ നയിക്കാതെ യഥോചിതമായാ ചികിത്സാകേന്ദ്രങ്ങളിലേക്കു അവരെ എത്തിക്കുക എന്നുള്ളതാണ് നമ്മൾ ചെയ്യേണ്ടത്.

ഈ അടുത്ത് പ്രശസ്ത ഹിന്ദി ചലച്ചിത്രതാരം ശ്രീ ആമിർ ഖാൻ പറയുകയുണ്ടായി അദ്ദേഹവും മകളും മാനസികവ്യഥക്കു കൗൺസിലിങ് തേടിയിരുന്നു എന്നും അതിൽ സങ്കോചപ്പെടേണ്ടതായി ഒന്നും ഇല്ലാ എന്നും. അദ്ദേഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഈ അന്താരാഷ്ട്ര മാനസികാരോഗ്യ ദിനത്തിന്റെ തീം നമുക്ക് മനസിലാക്കാം - "Mental health is a universal human right." മാനസിക ആരോഗ്യം എല്ലാവരുടെയും ജന്മാവകാശം ആണ്. അത് കൊണ്ട് തന്നേ അതില്ലാതാക്കുന്നതെല്ലാം ക്രിമിനൽ ഒഫൻസ് ആണ്.

Matter and Illustration prepared By:

Mr. Shalin Khan S

Dyuthi Students’ Union Chairman,

Mount Zion Medical College